English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
ഡച്ചുകാര്‍ ‍, പോര്‍ച്ചുഗീസുകാര്‍ എന്നീ വിദേശശക്തികളെ തുടര്‍ന്ന്, ബ്രിട്ടീഷുകാരും കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ എത്തിയതുമുതല്‍ ആറ്റിങ്ങലിന്റെ പ്രശസ്തി പാശ്ചാത്യ രാജ്യങ്ങളിലേക്കും വ്യാപിച്ചു. 14-ാം നൂറ്റാണ്ടിനു ശേഷമാണ് ആറ്റിങ്ങല്‍ എന്ന പേര് ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടതായി കണ്ടുവരുന്നത്. വാമനപുരം നദി, മാമം ആറ് എന്നീ നദികളുടെ തടങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാകണം “ചിറ്റാറ്റിന്‍കരദേശം” എന്നാണ് പണ്ടുകാലം മുതല്‍ ആറ്റിങ്ങല്‍ അറിയപ്പെട്ടിരുന്നത്. രാജഭരണകാലത്ത് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങല്‍ ‍. ദീര്‍ഘനാള്‍ സ്ത്രീകള്‍ ഭരണസാരഥ്യം വഹിച്ചിരുന്ന നാട്ടുരാജ്യം എന്ന ചരിത്രപ്രസിദ്ധിയും ആറ്റിങ്ങലിനുണ്ട്. തമ്പുരാട്ടിമാരുടെ താമസത്തിന് നീക്കിവച്ച ശ്രീപാദം കൊട്ടാരവും ചെലവിനായി വിട്ടുകൊടുത്ത പ്രദേശങ്ങളും ഉള്‍പ്പെടുത്തിയതായിരുന്നു രാജഭരണകാലത്തെ ആറ്റിങ്ങല്‍ നാട്ടുരാജ്യം. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കുടുംബ ആസ്ഥാനമാണ് കോയിക്കല്‍ കൊട്ടാരം. മിഷന്‍ മുക്കിലും, ചന്ത റോഡിലുമുള്ള ക്രിസ്തീയാരാധനാലയങ്ങളും, ആറ്റിങ്ങല്‍ ‍, ആലംകോട്, അവനവഞ്ചേരി, മാമം എന്നീ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന മുസ്ലീം പള്ളികളും ഏറെ പഴക്കം ചെന്നവയും, പ്രസിദ്ധവുമാണ്. തിരുവറാട്ടു കാവ് ദേവീക്ഷേത്രം, കൊടുമണ്‍ ശിവക്ഷേത്രം, വിരളംക്ഷേത്രം, അവനവഞ്ചേരി ഇണ്ടളയപ്പന്‍ കോവില്‍ എന്നിവ പ്രസിദ്ധങ്ങളായ പുരാതന ഹിന്ദുക്ഷേത്രങ്ങളാണ്. സ്വാതന്ത്ര്യസമരകാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും അലകള്‍ ആറ്റിങ്ങലിലും പരിസര പ്രദേശങ്ങളിലും ആഞ്ഞടിച്ചിരുന്നു. 1938 ആഗസ്റ്റ് 26 മുതല്‍ നിയമലംഘന പ്രക്ഷോഭത്തിന് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് തീരുമാനിച്ചു. അതോടനുബന്ധിച്ച് വമ്പിച്ച പ്രക്ഷോഭപരമ്പരകളാണ് ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് അരങ്ങേറിയത്. ഈഴവസമാജത്തിന് രൂപം കൊടുത്തുകൊണ്ട് അയിത്തത്തിനെതിരെയുള്ള പ്രവര്‍ത്തനത്തിന് രാമന്‍ നേതൃത്വം നല്‍കി. ഠൌണ്‍ ദാമോദരന്‍ ‍, ജി.കൃഷ്ണപിള്ള, അഡ്വ.മാധവന്‍ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികള്‍ ആററിങ്ങല്‍ പ്രദേശം കേന്ദ്രീകരിച്ച് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയവരാണ്. 1947 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ഉദയം ചെയ്തപ്പോള്‍ ആറ്റിങ്ങല്‍ ഗാന്ധി എന്നറിയപ്പെടുന്ന മാധവവാര്യര്‍ ഈ പ്രദേശത്ത് പതാക ഉയര്‍ത്തുന്നതിന് നേതൃത്വം കൊടുത്തു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകവായനശാലയാണ് ഈ മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഗ്രന്ഥാലയം. 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്തു തന്നെ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഇവിടെ നിലവില്‍ വന്നിരുന്നു. തൊഴിലാളി പ്രസ്ഥാനം, തോട്ടി തൊഴിലാളി യൂണിയന്‍ ‍, പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ‍, കര്‍ഷക സംഘം, കയര്‍ തൊഴിലാളി യൂണിയന്‍ ‍, ബീഡിതൊഴിലാളി യൂണിയന്‍ എന്നീ തൊഴിലാളിപ്രസ്ഥാനങ്ങള്‍ ആദ്യകാലത്തു തന്നെ ഇവിടെ രൂപംകൊള്ളുകയും പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തിരുന്നു. രാജഭരണകാലം മുതല്‍ ആറ്റിങ്ങല്‍ നഗരസഭയുടെ പ്രാധാന്യം ചരിത്ര പ്രസിദ്ധമാണ്. കോയിക്കല്‍ കൊട്ടാരം മുതല്‍ തിരുവനന്തപുരം-കൊല്ലം റോഡില്‍ ചേരുന്നതു വരെയുള്ള പാലസ് റോഡ് വളരെ പുരാതനമായ പാതയാണ്. തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ പണ്ടുകാലം മുതല്‍ തന്നെ ഗതാഗത വകുപ്പ് ഇതുവഴി സര്‍വ്വീസ് നടത്തിയിരുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്റ്റീല്‍ കോംപ്ളക്സും, നാളികേര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള മാമം കോക്കനട്ട് കോംപ്ളക്സുമാണ് ഈ പ്രദേശത്തെ രണ്ട് പ്രധാന വ്യവസായ യൂണിറ്റുകളാണ്.